Kerala
തലശേരി: കണ്ണൂര്‍ പാലത്തായിയിൽ അധ്യാപകൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവ് കെ. പത്മരാജന് ജീവപര്യന്തം തടവും പിഴയും. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവവും ശിക്ഷ വിധിച്ചിട്ടുണ്ട്.
തലശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. കേസിൽ ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജൻ കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പരമാവധി 20 വർഷം വരെയോ, ജീവപര്യന്തമോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തെളിഞ്ഞത്.
കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ, രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
National
ജയ്പുർ: രാജസ്ഥാനിലെ ചിറ്റോർഗഡ് ജില്ലയിൽ ബിജെപി നേതാവിന് വെടിയേറ്റു. സംസ്ഥാന ബിജെപിയുടെ മുൻ സെക്രട്ടറി രമേശ് ഇനാനിക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ രമേശിനെ ഉദയ്പുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. കോട്ട്വാലി പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് ബൈക്കിലെത്തിയ അക്രമി രമേശിന് നേരെ വെടിവയ്ക്കുകയായിരുന്നു. കാലിനും പുറത്തും വെടിയേറ്റ രമേശിനെ ഉടൻ തന്നെ ആശുപത്രിയിലേയ്ക്ക് മാറ്റി.
രമേശിനെ വെടിവച്ച ശേഷം അക്രമി കടന്നുകളഞ്ഞു. സംഭവ സ്ഥലത്തെത്തിയ പോലീസ് പ്രദേശത്ത് പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി എസ്പി മനീഷ് ത്രിപാദി പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് വരികയാണെന്നും എസ്പി അറിയിച്ചു.
National
മുംബൈ: മുംബൈ മേയറാകാൻ ഒരു ഖാനെയും അനുവദിക്കില്ലെന്ന് മുംബൈ നഗർ ബിജെപി അധ്യക്ഷൻ അമീത് സതം. പ്രസ്താവന വിവാദമായതോടെ, താൻ ഉദ്ദേശിച്ചത് മതപരമായ അർഥത്തിലല്ലെന്നും ദേശവിരുദ്ധ ശക്തികൾക്കെതിരായ പരാമർശമായിട്ടേ ഇതിനെ കാണാവൂ എന്നും അമീത് സതം വിശദീകരിച്ചു.
ബോംബ് സ്ഫോടനക്കേസിലെ പ്രതി മുംബൈ നഗരത്തിൽ നടന്ന തെരഞ്ഞെടുപ്പുറാലിയിൽ പാക് പതാകയേന്തുന്ന മാനസികാവസ്ഥയ്ക്കെതിരേയാണ് സംസാരിക്കുന്നതെന്നും ഇതേക്കുറിച്ച് മുംബൈ നിവാസികൾക്ക് മുന്നറിയിപ്പു നൽകുകയായിരുന്നുവെന്നും ബിജെപി നേതാവ് പറഞ്ഞു.
തന്റെ പ്രസ്താവന ദേശവിരുദ്ധ, മതമൗലികവാദികൾക്കെതിരേ ആണെന്നും അമീത് സതം പറഞ്ഞു.
District News
പയ്യന്നൂര്‍: ബിജെപി മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറിയും നിലവിലെ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ അരവഞ്ചാലിലെ വ്യാപാരി പനയന്തട്ട തന്പാൻ എന്ന തമ്പാന് തവിടിശേരി (56) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. പയ്യന്നൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിൽ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്കരിച്ചു.
ഇന്നലെ പുലര്‍ച്ചെ നാലോടെ ഒളവറ പാലത്തിനും കൊറ്റി റെയില്‍വേ മേല്പ്പാലത്തിനുമിടയിലാണ് സംഭവം. മംഗലാപുരത്തേക്ക് പോയ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ട്രെയിന്‍ തട്ടി മരിച്ചതായാണ് കരുതുന്നത്. ഇന്നലെ രാവിലെയാണ് റെയില്‍ പാളത്തിനരികില്‍ മൃതദേഹം കണ്ടെത്തിയത്. ഇതുമൂലം പിന്നീടെത്തിയ ട്രെയിനുകളെല്ലാം താമസിച്ചാണ് ഓടിയത്.
ബിജെപി പെരിങ്ങോം മുന്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്നു. ഒരുമാസം മുമ്പാണ് ബിജെപിയുടെ സംസ്ഥാന കൗണ്‍സില്‍ അംഗമായത്. എന്നാല്‍ ഈ പദവിയേറ്റെടുക്കാന് മടിച്ചിരുന്നതായും സോഷ്യല്‍ മീഡിയകളില്‍ സജീവമായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം എല്ലാ സംഘടനാ ഗ്രൂപ്പുകളില്‍നിന്നും ഒഴിവായതായും പറയുന്നു. ഭാര്യ: ശ്യാമള. മക്കൾ: ശ്വേത, കൃഷ്ണ, മൃദുൽ ലാൽ. മരുമക്കൾ: ബിജേഷ് (പരിയാരം), നവീൻ (ചട്ട്യോൾ). സഹോദരങ്ങൾ: ബാലകൃഷ്ണൻ (ചീമേനി), നിഷ (ചന്തപുര), അനിൽ (ചീമേനി).
National
ഭുവനേശ്വർ: ഒഡീഷയില്‍ ബിജെപി നേതാവ് വെടിയേറ്റു മരിച്ചു. മുതിര്‍ന്ന അഭിഭാഷകനും വിവരാവകാശ പ്രവര്‍ത്തകനുമായ പിതാബാഷ പാണ്ഡെയാണ് കൊല്ലപ്പെട്ടത്.
ബൈക്കിലെത്തിയ രണ്ട് പേരാണ് ഇയാളെ കൊലപ്പെടുത്തിയത്. ബര്‍ഹാംപുരില്‍ രാത്രിയോടെ ആളുകള്‍ നോക്കി നില്‍ക്കെയാണ് ആക്രമികള്‍ പിതാബാഷയ്ക്കുനേരെ വെടിയുതിര്‍ത്തത്. നെഞ്ചിലാണ് വെടിയേറ്റത്.
രാത്രി 9.40 ഓടെ പാര്‍ക്ക് സ്ട്രീറ്റിലെ ചേംബറില്‍ നിന്ന് ഇറങ്ങി സ്കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്നു അഭിഭാഷകൻ. വെടിയേറ്റ പിതാബാഷ ഓടാന്‍ ശ്രമിച്ചെങ്കിലും കുഴഞ്ഞുവീണു.
ഉടന്‍ തന്നെ നാട്ടുകാര്‍ ഇയാളെ എംകെസിജി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. ഒഡീഷ ബാര്‍ കൗണ്‍സില്‍ അംഗവും നിരവധി ട്രേഡ് യൂണിയനുകളുടെ പ്രസിഡന്റുമായിരുന്നു പിതാബാഷ. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദീര്‍ഘകാലം കോണ്‍ഗ്രസില്‍ അംഗമായിരുന്ന പാണ്ഡെ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്.